സുന്ദര്‍ പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി; പുരസ്ക്കാരം കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ

വാഷിങ്ടണ്‍: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പത്മഭൂഷൺ ഏറ്റുവാങ്ങി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ടി.വി.നാഗേന്ദ്ര പ്രസാദും ചടങ്ങിൽ പങ്കെടുത്തു.

കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ 2022 ലെ പത്മഭൂഷൺ പിച്ചൈയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഈ വർഷം 17 പേർക്ക് പ്രഖ്യാപിച്ചു.

“അത്തരമൊരു ബഹുമതിക്ക് എന്നെ തിരഞ്ഞെടുത്തതിൻ ഞാൻ ഇന്ത്യാ ഗവൺമെന്‍റിനോട് അഗാധമായി നന്ദിയുള്ളവനാണ്. ഇന്ത്യ എന്‍റെ ഭാഗമാണ്. ലോകത്ത് എവിടെ പോയാലും രാജ്യം എപ്പോഴും എന്‍റെ ഉള്ളിലുണ്ടാവും. പഠിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബത്തിൽ വളരാനും എന്‍റെ ആഗ്രഹങ്ങൾ പിന്തുടരാനുള്ള അവസരം നൽകാൻ ത്യാഗങ്ങൾ ചെയ്ത മാതാപിതാക്കൾ ഉണ്ടായതും വലിയ ഭാഗ്യമാണ്” പിച്ചൈ പറഞ്ഞു.