ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം; സിഡ്നിയിൽ മഴ ഭീഷണി

സിഡ്‌നി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ആദ്യമത്സരം നടക്കുന്ന സിഡ്നിയിൽ  90 ശതമാനമാണ്‌ മഴയ്‌ക്ക്‌ സാധ്യത. 

ഇന്ന്‌ നടക്കുന്ന രണ്ടാംമത്സരം അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ്‌. ആകെ 12 ടീമുകളാണ്‌ സൂപ്പർ 12ൽ പ്രവേശിച്ചിട്ടുള്ളത്. ഗ്രൂപ്പുഘട്ടം ജയിച്ചെത്തിയ നാല്‌ ടീമുകളും ഇതിൽ ഉൾപ്പെടും. ഗ്രൂപ്പ്‌ ഒന്നിൽ ഓസീസ്‌, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, അയർലൻഡ്‌ ടീമുകളാണ്‌. ഇതിൽ ലങ്കയും അയർലൻഡും പ്രാഥമികറൗണ്ട്‌ കടന്നെത്തിയ ടീമുകളാണ്‌.

ഗ്രൂപ്പ്‌ രണ്ടിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്നു. നെതർലൻഡ്‌സ്‌, സിംബാബ്‌വെ ടീമുകൾ ആദ്യ റൗണ്ട്‌ ജയിച്ചവരാണ്‌. ഇന്ത്യ നാളെ ആദ്യ കളിയിൽ പാകിസ്ഥാനെ നേരിടും. മെൽബണാണ് വേദി. ഇവിടെയും മഴ ഭീഷണിയുണ്ട്‌.  ഗ്രൂപ്പുഘട്ടത്തിൽ എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും കൂടുതൽ പോയിന്റ്‌ നേടുന്ന രണ്ടുവീതം ടീമുകൾ സെമിയിൽ. നവംബർ 13നാണ്‌ ഫൈനൽ.