ഐഎസ്എൽ റെഫറിമാർക്കെതിരെ വിമർശനങ്ങളുമായി സൂപ്പർതാരങ്ങൾ

ഐഎസ്എൽ ഒൻപതാം സീസൺ തുടങ്ങി രണ്ട് മത്സരങ്ങളെ പിന്നിട്ടിട്ടുള്ളു. എന്നാൽ റെഫറിയിങ്ങിനെതിരായ വിമർശനം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇന്നലെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഗോൾ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.

ഇന്നലത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു വിജയിച്ചത്. 87-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് വിജയഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ജോൺ ​ഗാസ്തനാഗയുടെ തകർപ്പൻ ഷോട്ടിലൂടെ ബെംഗളൂരുവിനെതിരെ നോർത്ത് ഈസ്റ്റ് ഗോൾ നേടി. പിന്നാലെ നോർത്ത് ഈസ്റ്റ് ടീമും ആരാധകരും സമനിലയുടെ ആവേശത്തിൽ നിൽക്കെയാണ് റഫറി ഓഫ്സൈഡ് വിളിക്കുന്നത്. തുടർന്നുണ്ടായ തർക്കത്തിൽ നോർത്ത് ഈസ്റ്റ് കോച്ച് മാർക്കോ ബാൽബുളിനെതിരെ റഫറി ചുവപ്പ് കാർഡ് കാണുകയും ചെയ്തു.

നോർത്ത് ഈസ്റ്റിന്‍റെ ഗോൾ ഓഫ്സൈഡ് അല്ലെന്ന വാദം ഇപ്പോൾ ശക്തമാണ്. റീപ്ലേകളിലും ഇത് വ്യക്തമാണെന്നാണ് വാദം. ഇതിന് പിന്നാലെയാണ് നോർത്ത് ഈസ്റ്റിന്‍റെ സെന്‍റർ ബാക്ക് ആരോൺ ഇവാൻസ് റഫറിയുടെ തീരുമാനത്തെ വിമർശിച്ചത്. ഈ ​ഗോൾ എന്തുകൊണ്ട് അനുവദിച്ചില്ല എന്നാണ് ഇവാൻസ് ട്വീറ്റ് ചെയ്തത്. വെറും രണ്ട് മത്സരങ്ങളേയായുള്ളു അതിനിടെ തന്നെ വളരെ ​ഗൗരവമായ റെഫറി പിഴവ് വന്നുകഴിഞ്ഞെന്ന് സ്പാനിഷ് സൂപ്പർതാരം ടിരിയും ട്വീറ്റ് ചെയ്തു.