ഫെയ്സ്ബുക്കിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: സൈനികരെ നായ്ക്കളോട് ഉപമിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ കമന്‍റിട്ടതിന് സപ്ലൈകോ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റീജിയണൽ ഓഫീസിൽ ജോലി ചെയ്യുന്ന ടി.സുജയ് കുമാറിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

സപ്ലൈകോയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും അതിനാൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് ടി.സുജയ് കുമാറിനെ സസ്പെൻഡ് ചെയ്യുന്നുവെന്നുമാണ് ഉത്തരവ്. സുജയ് കുമാർ ഔദ്യോഗിക കാലത്ത് ഉപയോഗിച്ച കെഎൽസിപി 5381 എന്ന നമ്പർ വാഹനവും അനുബന്ധ രേഖകളും റീജിയണൽ ഓഫീസിലെ റ്റി 6 വിഭാഗത്തിന് കൈമാറണമെന്നും സപ്ലൈകോയുടെ ഉത്തരവിൽ പറയുന്നു.

അതേസമയം സസ്പെൻഷൻ കാലയളവിൽ സുജയ് കുമാറിന് ഉപജീവന അലവൻസ് നൽകുമെന്നും ഉത്തരവിൽ പറയുന്നു. സുജയ് കുമാറിനെ സസ്പെൻഡ് ചെയ്ത് ഇന്നലെയാണ് സപ്ലൈകോ ഉത്തരവിറക്കിയത്. നാലാഴ്ച മുമ്പാണ് സുജയ് കുമാർ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ സൈനികരെ അവഹേളിക്കുന്ന തരത്തിൽ കമന്‍റ് ഇട്ടത്.  

കമന്‍റിന്‍റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാജ്യസുരക്ഷയ്ക്കായി വിന്യസിച്ച സൈനികരെ അപമാനിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവും പരാതിയുമായി സൈനികർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ഇതേതുടർന്നാണ് ഇയാളെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ സുജയ് കുമാർ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തിയിരുന്നു.