ലീഗ് ഇടതുമുന്നണിയിലേക്ക് പോകുന്നതിന് സമസ്തയിലും പിന്തുണ

മലപ്പുറം: സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ മുസ്ലിംലീഗിനെ പുകഴ്ത്തിയുള്ള പരാമർശത്തിന് പിന്നാലെ ലീഗ് ഇടതുമുന്നണിയിലേക്ക് പോകുന്നതിന് സമസ്തയിലും പിന്തുണ. തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിനേക്കാൾ ലീഗ് മറ്റ് മതേതര ഗ്രൂപ്പുകളിലേക്ക് മാറുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു വിഭാഗം സമസ്തയിലുണ്ട്.

അതുവഴി സമുദായത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ന്യായമായ അവകാശങ്ങൾ നേടാനും കഴിയുമെന്ന് അവർ കരുതുന്നു.

മുസ്ലിംലീഗിനെക്കുറിച്ച് സി.പി.എം. പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന സമസ്ത സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ വാക്കുകളില്‍ 2 പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന സൂചനയാണുള്ളത്. ഫാസിസം കേന്ദ്രത്തിൽ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും ഒന്നിക്കണമെന്നാണ് സമസ്തയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സി.പി.എമ്മിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഉമർ ഫൈസിയുടേത് സമസ്തയുടെ പൊതു അഭിപ്രായമല്ല. സമസ്തയിലെ ഭൂരിഭാഗം നേതാക്കളും അണികളും ലീഗ് യു.ഡി.എഫിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ലീഗ് ഇടതുപക്ഷത്തേക്ക് മാറുന്നതാണ് ഉചിതമെന്ന് കരുതുന്നവരുണ്ട്. യു.ഡി.എഫിന്‍റെ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന ആശങ്കയാണ് ഇതിന് പിന്നിലെ കാരണം.