കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പിന്തുണ; ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം

തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയേകി ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകരായ കമൽ, ആഷിഖ് അബു, മഹേഷ് നാരായണൻ, ജിയോ ബേബി സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങിയവർ അണിചേർന്നു.

അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയത്തിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ സർക്കാർ ഇടപെടുമെന്നും ഇതിനായി പ്രത്യേക സമിതിയെ നാളെ തന്നെ നിയോഗിക്കുമെന്നും ചലച്ചിത്ര സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു. അഡീഷണൽ സിറ്റി സെക്രട്ടറി വേണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിലെത്തി കാര്യങ്ങൾ പഠിക്കുമെന്നും ശരിയും തെറ്റും മനസ്സിലാക്കുകയും ശരിയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക സമിതിയെ നിയോഗിച്ചതെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.