നാല് ദിവസത്തിനുള്ളിൽ 1842 കേസുകൾ തീർപ്പാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കേസുകൾ മിന്നൽ വേഗത്തിൽ തീർപ്പാക്കി സുപ്രീംകോടതി. 4 ദിവസത്തിനുള്ളിൽ 1842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. കോടതി കൈമാറ്റവുമായി ബന്ധപ്പെട്ട 1402 കേസുകളും 440 കേസുകളും തീർപ്പാക്കി. ന്യൂഡൽഹിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് കണക്കുകൾ നൽകിയത്.

ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നതും വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ പ്രമേയം ഇന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന ബാർ അസോസിയേഷനുകളും ചേർന്ന് പാസാക്കും.

ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകുന്ന 74 ദിവസം കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങൾ ഉന്നയിക്കൽ, ഭരണഘടനാ ബെഞ്ചുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സത്യപതിജ്ഞയ്ക്ക് ശേഷം യു.യു. ലളിത് അറിയിച്ചിരുന്നു. ഇത് പ്രകാരം കേസുകൾ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ രീതിയും കൊണ്ടുവന്നിരുന്നു.