ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി സുപ്രീം കോടതി; കമ്മിറ്റി തിരഞ്ഞെടുപ്പ് ഉടൻ

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോളിന്‍റെ പ്രതിസന്ധികൾ തീരുമെന്ന പ്രതീക്ഷ നൽകി സുപ്രീം കോടതി. എ.ഐ.എഫ്.എഫിന്‍റെ പുതിയ ഭരണഘടനയെക്കുറിച്ചുള്ള വാദങ്ങളിൽ സുപ്രീം കോടതി ഫുട്ബോൾ പ്രേമികൾക്ക് അനുകൂലമായ സൂചനകൾ നൽകി. വ്യാഴാഴ്ചയ്ക്കകം ഭരണഘടനയ്ക്ക് അന്തിമരൂപം നൽകണമെന്നും അതിനുശേഷം എ.ഐ.എഫ്.എഫ് പുതിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഭരണഘടനയ്ക്ക് അന്തിമരൂപം ലഭിച്ചാലുടൻ തിരഞ്ഞെടുപ്പ് നടത്താം. ജൂലൈ 31 വരെയാണ് ഫിഫ ഇന്ത്യക്ക് സമയം അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ പുതിയ കമ്മിറ്റി രൂപീകരിക്കണം. ജൂലൈ 28ന് സുപ്രീം കോടതി കേസ് പരിഗണിക്കും. അന്ന് ഭരണഘടനയെ എതിർക്കുന്നവർക്ക് അവരുടെ കേസ് ഉന്നയിക്കാം. എഫ്എസ്ഡിഎല്ലും മറ്റ് സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകളും അന്നേ ദിവസം എതിർപ്പുകൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഫിഫയുടെ വിലക്ക് നീക്കാൻ സഹായകമാകുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.