വിവാഹ പ്രായം 16 വയസ്സെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ്
മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ,ബേല എം ത്രിവേദി എന്നിവർ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ശൈശവ വിവാഹനിരോധനത്തെയും പോക്സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത് ഗുരുതരമായ പ്രശ്നമാണെന്ന്, കമ്മീഷന് വേണ്ടി ഹാജരായ സോളിസീറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിയിൽ വിവാഹപ്രായത്തെ സംബന്ധിച്ച് പറയുന്ന ഖണ്ഡിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
16 വയസ്സിന് മുകളിൽ പ്രായമുള്ള മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും വിവാഹം കഴിക്കാൻ അവകാശമുണ്ടെന്നതായിരുന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി. ഹർജി നവംബർ 7 വീണ്ടും പരിഗണിക്കും എന്ന് കോടതി അറിയിച്ചു. മുതിർന്ന അഭിഭാഷകൻ ആർ രാജശേഖർ റാവുവിനെ സുപ്രീം കോടതി അമികസ് ക്യുറിയായി നിയമിച്ചിട്ടുണ്ട്.