ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്  

ന്യൂഡല്‍ഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്‍റെ വനിതാ സംഘടനയായ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ കേന്ദ്രസർക്കാരിനും എതിർകക്ഷികൾക്കും നോട്ടീസ് നൽകി. ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് നോട്ടീസ് നൽകിയത്.

അടുത്ത വർഷം ഫെബ്രുവരിയിൽ ഹർജികൾ വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബലാത്സംഗങ്ങള്‍ക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഭര്‍തൃ ബലാത്സംഗത്തിന് നല്‍കുന്ന ഇളവെന്നാണ് ഹര്‍ജിക്കാരുടെ വാദം. പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോയെന്ന ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിയോജിപ്പുള്ള വിധി പുറപ്പെടുവിച്ചത്. ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശാക്ദറും, അല്ലെന്ന് സി ഹരിശങ്കറും വിധിച്ചു. ഇതിനെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.