സുപ്രീം കോടതിയുടെ പരിസ്ഥിതിലോല മേഖലയിലെ ഉത്തരവ് മറികടക്കാൻ കേരളം

തിരുവനന്തപുരം: വനമേഖലയിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് മറികടക്കാനുള്ള പദ്ധതി തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ജനവാസ മേഖലകളെ ബാധിക്കുന്ന ഒരു നിലപാടിനെയും സർക്കാർ പിന്തുണയ്ക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി.

വനാതിർത്തിയോട് ചേർന്നുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ നിയമോപദേശം തേടി വനം മന്ത്രി എ കെ ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലിനെ കണ്ടു. അരമണിക്കൂർ നീണ്ട യോഗത്തിൽ വിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.

വിധിയെ മറികടക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വിധി സംബന്ധിച്ച കേരളത്തിന്റെ ആശങ്കകൾ കോടതിക്ക് മുന്നിൽ അറിയിക്കാനും തത്വത്തിൽ തീരുമാനമായിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്നും ജനവാസ മേഖലകളെ ബാധിക്കുന്ന ഒരു നിലപാടിനെയും സർക്കാർ പിന്തുണയ്ക്കില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.