പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പൾസർ സുനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ വിചാരണ അവസാനിച്ചില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി.
കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതി താനാണെന്നും കേസിന്‍റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നൽകിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്. കേസിലെ വിചാരണ പൂർത്തിയാക്കാൻ വൈകുന്നത് പരിഗണിച്ചാണ് കേസിലെ രണ്ടാം പ്രതി മാർട്ടിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പൾസർ സുനിയും ഇതേ കാരണം ഉന്നയിച്ച് കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.