നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി 

ന്യൂഡല്‍ഹി: മതനിന്ദയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ബിജെപി മുൻ വക്താവ് നൂപുർ ശർമക്കെതിരെ കേസെടുത്തിരിക്കുന്നത്. നൂപുർ ശർമയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

അറസ്റ്റ് സ്റ്റേ ചെയ്യണമെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നൂപുർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ അടുത്ത വാദം കേൾക്കുന്നത് വരെ നൂപൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.

നൂപൂരിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ ലയനത്തെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക് കോടതി നിർദ്ദേശം നൽകി. ഡൽഹി, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, അസം എന്നീ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളാണ് സുപ്രീം കോടതി തേടിയത്.