മോൺസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും

ന്യൂഡല്‍ഹി: ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ബലാത്സംഗക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് മോൺസന്‍റെ പ്രധാന വാദം. ജീവനക്കാരിയുടെ മൊഴിയും ഐപാഡിന്‍റെ ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയ ശേഷമാണ് മോൺസൺ ജാമ്യാപേക്ഷ സമർപ്പിച്ചത്.

മോൺസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മോൺസന്‍റെ മുൻ ജീവനക്കാർ ഉൾപ്പെടെ 36 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിൽ കൂട്ടുപ്രതിയാകുമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഭീഷണിയെ തുടർന്നാണ് ബലാത്സംഗക്കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്ന് മോൺസൺ തന്‍റെ അപേക്ഷയിൽ പറയുന്നു. മോൺസണെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ലക്ഷ്മി എൻ കൈമൾ ഹാജരാകും.