മകൻ മാധവിനൊപ്പം സുരേഷ് ഗോപി; ‘ജെഎസ്‍കെ’യ്ക്ക് തുടക്കം

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ . ‘ജെഎസ്കെ’ ഇന്ന് പൂജാ ചടങ്ങോടെയാണ് ആരംഭിച്ചത്.

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ‘ജെഎസ്കെ’യ്ക്കുണ്ട്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് മാധവ് സുരേഷ് മമ്മൂട്ടിയുടെ അനുഗ്രഹം തേടിയിരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം രെണദിവ് കൈകാര്യം ചെയ്യുന്നു. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മുരളി ഗോപി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘മേ ഹൂം മൂസ’ ആയിരുന്നു . ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. വിഷ്ണു നാരായണനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി ‘മൂസ’ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.