യുപിയിൽ കൂട്ടബലാത്സംഗക്കേസിലെ അതിജീവിത ജീവനൊടുക്കി

ല‌ക്‌നൗ: ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച 15കാരി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം. പൊലീസ് കുറ്റവാളികൾക്കൊപ്പം നിൽക്കുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. രണ്ട് മാസം മുമ്പ് പ്രദേശവാസികളായ നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷമാണ് സംഭവം അമ്മയോട് പറയാൻ പെൺകുട്ടി തയ്യാറായത്.

രാത്രിയിൽ കുടുംബം ഉറങ്ങിയ ശേഷം പ്രതികളിൽ ഒരാൾ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി മറ്റ് മൂന്ന് പേരോടൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 15നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറ്റക്കാർക്കൊപ്പം നിൽക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

കേസ് പിൻവലിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്നും നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് വിരേഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്‌പി ചക്രേഷ് മിശ്ര പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.