Latestകേരളംദേശീയം

രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങൾ കാണാൻ കേരളത്തിൽ നിന്നും സ്വദേശ് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിൻ

ഐആർസിടിസി കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പുറത്തിറക്കി. മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര. ഡിസംബർ 10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10 ദിവസത്തെ തീർത്ഥാടനത്തിന് ശേഷം ഡിസംബർ 20ന് മടങ്ങിയെത്തും. ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളും നിര്‍മിതികളും സന്ദർശിക്കാം.

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും, ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗ-യമുന-സരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്​രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.

സ്ലീപ്പർ ക്ലാസ് അല്ലെങ്കിൽ തേർഡ് എ.സി. ട്രെയിൻ യാത്ര, യാത്രകൾക്കുള്ള വാഹനം, യാത്രക്കാരുടെ ബജറ്റ് അനുസരിച്ച് ഹോട്ടലുകളിലോ ഹാളുകളിലോ താമസത്തിനുള്ള സൗകര്യം, മൂന്ന് നേരം ഭക്ഷണം, ടൂർ എസ്കോർട്ട്-സെക്യൂരിറ്റിയുടെ സേവനം, ട്രാവൽ ഇൻഷുറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ബുക്ക് ചെയ്യുന്നവർക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂർ, പാലക്കാട് സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാം. ടൂർ പാക്കേജ് നിരക്ക് 20,500 രൂപ മുതലാണ് ആരംഭിക്കുന്നത്.