ഫിഫ അഴിമതി കേസില്‍ ബ്ലാറ്ററെയും,പ്ലാറ്റിനിയേയും സ്വിസ് കോടതി കുറ്റവിമുക്തരാക്കി 

സൂറിച്ച്: സെപ് ബ്ലാറ്ററിനും മിഷേൽ പ്ലാറ്റിനിക്കും ആശ്വാസം. ഫിഫയിലെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ സ്വിസ് ക്രിമിനൽ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി.

2011 ൽ ഫിഫയിൽ നിന്ന് യുവേഫയുടെ തലവനായിരുന്ന പ്ലാറ്റിനിക്ക് ഒരു കരാറിന്‍റെ പേരിൽ ബ്ലാറ്ററുടെ അംഗീകാരത്തോടെ 2 മില്യൺ ഡോളർ നൽകിയെന്നാണ് കേസ്. സ്വിസ് ക്രിമിനൽ കോടതിയിൽ 11 ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഇരുവരെയും വെറുതെ വിട്ടത്. 

“ഏഴ് വർഷത്തെ തെറ്റായ പ്രചാരണങ്ങൾക്കും തെറ്റായ വിവരങ്ങൾക്കും ശേഷം, നീതി നടപ്പായി,” സ്വിസ് കോടതി കുറ്റവിമുക്തനാക്കിയ ശേഷം പ്ലാറ്റിനി പറഞ്ഞു. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്.