സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ ക്വാര്‍ട്ടറില്‍

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കേരളം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം പ്രീക്വാർട്ടറിൽ കടന്നത്.

മേഘാലയ ഉയർത്തിയ 101 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 12.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 28 റൺസെടുത്ത സച്ചിൻ ബേബിയാണ് ടീമിന്‍റെ ടോപ് സ്കോറർ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മേഘാലയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. കൃത്യതയോടെ പന്തെറിഞ്ഞ കേരളത്തിന്‍റെ ബൗളർമാരാണ് മേഘാലയയെ ചെറിയ സ്കോറിലേക്ക് ഒതുക്കാൻ സഹായിച്ചത്. 20 റൺസെടുത്ത ലെറിയാണ് മേഘാലയയുടെ ടോപ് സ്കോറർ. കിഷൻ ലിൻഡോ 19 റണ്‍സെടുത്തു. മേഘാലയയുടെ ആറ് ബാറ്റ്സ്മാൻമാർ പത്തിൽ താഴെ മാത്രം റൺസെടുത്ത് പുറത്തായി.