സയ്യിദ് മുഷ്താഖ് അലി ട്രോഫി; സര്‍വീസസിനോട് തോൽവി വഴങ്ങി കേരളം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിൽ കേരളത്തിന്‍റെ വിജയക്കുതിപ്പ് തടഞ്ഞ് സർവീസസ്. ഇന്നത്തെ മത്സരത്തിൽ കേരളം 12 റൺസിന് തോറ്റു. 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 19.4 ഓവറിൽ 136 റൺസിന് എല്ലാവരും പുറത്തായി. സച്ചിൻ ബേബി 36(35), ക്യാപ്റ്റൻ സഞ്ജു സാംസൺ 30(26) എന്നിവർ പൊരുതി നോക്കിയെങ്കിലും റൺറേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും പുറത്തായി.

പുതുമുഖമായ അബ്ദുൾ ബാസിത് 19(10) അവസാന ഓവറുകളിൽ ജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും 20ാം ഓവറിലെ ആദ്യ പന്തിൽ സിക്സർ പറത്തി അടുത്ത പന്തിൽ പുറത്തായി. ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (11), വിഷ്ണു വിനോദ് 8(6) എന്നിവർ പുറത്തായതോടെ കേരളത്തിന്റെ തുടക്കം തന്നെ മോശമായി. മുഹമ്മദ് അസ്ഹറുദ്ദീൻ 16 പന്തിൽ നിന്ന് 16 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും സർവീസസ് ബോളർമാർ കേരളത്തെ അനായാസം മുന്നോട്ട് പോകാൻ അനുവദിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സർവീസസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. 39 റൺസെടുത്ത അൻഷുൽ ഗുപ്തയാണ് സർവീസസിന്‍റെ ടോപ് സ്കോറർ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റും കെഎം ആസിഫ് രണ്ട് വിക്കറ്റും വീഴ്ത്തി. സിജോമോൻ ജോസഫും മനു കൃഷ്ണനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടൂർണമെന്‍റിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് കേരളം ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയത്. അരുണാചൽ പ്രദേശ്, ഹരിയാന, കർണാടക എന്നിവരെയാണ് കേരളം പരാജയപ്പെടുത്തിയത്.