സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി കേരളം

മൊഹാലി: സയ്യിദ്‌ മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കേരളം മൂന്ന് വിക്കറ്റിനാണ് ഹരിയാനയെ പരാജയപ്പെടുത്തിയത്.

ഹരിയാന ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിഷ്ണു വിനോദ് (26 പന്തിൽ 25), രോഹൻ കുന്നുമ്മൽ (18 പന്തിൽ 26), അബ്ദുൾ ബാസിത് (15 പന്തിൽ 27) എന്നിവരാണ് കേരളത്തിനായി മികച്ച സ്കോർ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ പതറി നിന്ന കേരളത്തെ വിജയത്തിലേക്ക് നയിച്ചത് എട്ടാമനായി ക്രീസിലെത്തിയ അബ്ദുൾ ബാസിത്ത് ആണ്.

ക്യാപ്റ്റൻ സഞ്ജു സാംസൺ (3), മുഹമ്മദ് അസ്ഹറുദ്ദീൻ (13), സച്ചിൻ ബേബി (4), കൃഷ്ണ പ്രസാദ് (9) എന്നിവർക്ക് ഇന്നത്തെ മത്സരത്തിൽ തിളങ്ങാനായില്ല.