വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ

കൊച്ചി: വൻകിട കമ്പനികൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശ നിവാസികളുടെ സമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സഭ. വികസനത്തിന്‍റെ പേരിൽ തീരദേശത്തെ ജനങ്ങൾക്ക് വർഷങ്ങളായി വാസസ്ഥലവും ഉപജീവനമാർഗവും ഇല്ലാതായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ആത്മാർഥമായി ഇടപെടണം.

അതിജീവനത്തിനായി പോരാടുന്ന തീരദേശവാസികളുടെ പോരാട്ടത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ പ്രസ്താവനയിൽ പറഞ്ഞു.

1977ന് മുമ്പ് പട്ടയം ലഭിച്ച കുടിയേറ്റ കർഷകരെ വനം കയ്യേറ്റക്കാരായി ചിത്രീകരിച്ച് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് എക്കാലവും വിമുഖത കാട്ടുന്ന വനംവകുപ്പിനെ മാത്രം കേസ് കൈകാര്യം ചെയ്യാൻ നിയമിച്ചത് അടിസ്ഥാനപരമായ വീഴ്ചയാണ്.