ടി20 ലോകകപ്പ്; തകർപ്പൻ റെക്കോർഡ് നേടി ബാബറും റിസ്വാനും

സിഡ്നി: ടി20 ലോകകപ്പിന്‍റെ ഫൈനലിലേക്ക് പാകിസ്ഥാനെ നയിച്ച തകർപ്പൻ ഇന്നിംഗ്സുകൾക്കൊപ്പം ബാബർ അസമും മുഹമ്മദ് റിസ്വാനും മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി മൂന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ റെക്കോർഡ് ആണ് പാക് ഓപ്പണിങ് സഖ്യം നേടിയത്.

ബാബറിന്‍റെയും റിസ്വാന്‍റെയും ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ലക്ഷ്യം മറികടക്കാൻ പാകിസ്ഥാനെ സഹായിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 105 റൺസ് ആണ് അടിച്ചെടുത്തത്. 76 പന്തിൽ നിന്നാണ് ഇവർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയത്.

ഏഴ് വിക്കറ്റിന് പാകിസ്ഥാൻ ജയിച്ച മത്സരത്തിൽ ഇരുവരും അർധസെഞ്ചുറി നേടി. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ബാബറും റിസ്വാനും രണ്ട് തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇന്ത്യക്കെതിരെ പുറത്താകാതെ 152 റൺസും നമീബിയയ്ക്കെതിരെ 113 റൺസുമായിരുന്നു അവരുടെ മുൻ സെഞ്ച്വറി കൂട്ടുകെട്ട്.