ടി-20 ലോകകപ്പ്; അവസാന ഓവറിൽ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്

ടാസ്മാനിയ: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 9 റൺസിന് തകർത്ത് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് നിശ്ചിത ഓവറിൽ 135 റൺസിന് ഓൾ ഔട്ടായി.

നെതർലാൻഡ്സ് മത്സരത്തിൽ പൊരുതി തന്നെയാണ് തോറ്റത്. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് ആദ്യ രണ്ട് പന്തുകളിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ കോളിൻ അക്കര്‍മാന്‍ നെതർലൻഡ്സിന്‍റെ പ്രതീക്ഷകൾ സജീവമാക്കി.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും അക്കർമാൻ തകർത്തു. 48 പന്തിൽ ആറു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 62 റൺസാണ് താരം നേടിയത്.

17-ാം ഓവറിൽ അക്കെർമാനെ പുറത്താക്കി ബംഗ്ലാദേശ് മത്സരം ഏറെക്കുറെ വിജയമുറപ്പിച്ചിരുന്നു. എന്നാൽ അവസാന ഓവറിൽ അപ്രതീക്ഷിത റൺസ് നേടി പോൾ വാൻ മീക്കെറെന്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചു. പതിനൊന്നാമനായി ക്രീസിലെത്തിയ മീക്കെറെന്‍ 14 പന്തിൽ 24 റൺസ് നേടി അവസാന ഓവറുകളിൽ നെതർലൻഡ്സിന് പ്രതീക്ഷ നൽകിയെങ്കിലും മത്സരത്തിൽ വിജയിക്കാനായില്ല.