ടി20 ലോകകപ്പ്; പാക്ക് ഉപദേശകനായി മാത്യു ഹെയ്ഡൻ

ലാഹോര്‍: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍റെ ഉപദേഷ്ടാവായി മുൻ ഓസ്ട്രേലിയൻ ബാറ്റർ മാത്യു ഹെയ്ഡനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്താന്‍റെ ഉപദേഷ്ടാവായിരുന്നു. ന്യൂസിലാൻഡും ബംഗ്ലാദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം മാത്യു ഹെയ്ഡൻ പാകിസ്താൻ ടീമിനൊപ്പം ചേരും. ഒക്ടോബർ 15ന് ബ്രിസ്ബെയ്നിൽ പാക് ടീമിനൊപ്പം ഹെയ്ഡൻ എത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 

“ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിന്‍റെ ഉപദേഷ്ടാവാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ആ സംസ്കാരത്തിനൊപ്പം ചേരാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഒരു രാജ്യം, ഒരു അഭിനിവേശം എന്ന വികാരം വീണ്ടും അനുഭവിക്കണം. ഏഷ്യാ കപ്പിൽ പാകിസ്ഥാൻ കളിക്കുന്നത് ഞാൻ കണ്ടിരുന്നു. ഇന്ത്യക്കെതിരായ വിജയം ഗംഭീരമായിരുന്നുവെന്ന്” മാത്യു ഹെയ്ഡൻ പറഞ്ഞു.