ടി-20 ലോകകപ്പ്; വെസ്റ്റ് ഇൻഡീസിനെ തകർത്ത് സ്കോട്‌ലന്‍ഡ്
ഹൊബാര്‍ട്ട്: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ അട്ടിമറി ജയവുമായി സ്കോട്ട്ലൻഡ്. ഗ്രൂപ്പ് ബി മത്സരത്തിൽ സ്കോട്ട്ലൻഡ് 42 റൺസിന് വിജയിച്ചു. സ്കോട്ട്ലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ ടീം 18.3 ഓവറിൽ 118 റൺസിന് ഓൾ ഔട്ടായി.
സ്കോർ ചുരുക്കത്തിൽ: സ്കോട്ട്ലൻഡ് 160/5 (20), വെസ്റ്റ് ഇൻഡീസ് 118 (18.3). അർധസെഞ്ചുറി നേടിയ സ്കോട്ട്ലൻഡിന്‍റെ ജോർജ് മൻസിയാണ് മാൻ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്. 53 പന്തിൽ ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 66 റൺസെടുത്ത ജോർജ് മൻസിയാണ് സ്കോട്ട്ലൻഡിന്‍റെ ടോപ് സ്കോറർ. മൈക്കൽ ജോൺസ് 17 പന്തിൽ നിന്ന് 20 റൺസും ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടൺ 14 പന്തിൽ നിന്ന് 16 റൺസും കാൽഡി മക്ലിയോഡ് 14 പന്തിൽ നിന്ന് 23* റൺസും ക്രിസ് ഗ്രീവ്സ് 11 പന്തിൽ നിന്ന് 16* റൺസും നേടി. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ്, ജേസണ് ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഒഡിയൻ സ്മിത്ത് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ കെയ്‌ല്‍ മെയേഴ്‌സ്(13 പന്തില്‍ 20), എലിന്‍ ലെവിസ്(13 പന്തില്‍ 14), ബ്രാണ്ടന്‍ കിംഗ്(15 പന്തില്‍ 17), ജേസന്‍ ഹോള്‍ഡര്‍(33 പന്തില്‍ 38) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മാർക്ക് വാട്ട് മൂന്ന് വിക്കറ്റും ബ്രാഡ് വെയ്ൽ, മൈക്കൽ ലീസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ജോഷ് ഡേവി, സഫ്യാൻ ഷെരീഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ വെറും നാല് റൺസെടുത്ത് പുറത്തായി.