ടി-20 ലോകകപ്പ്; അയര്‍ലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് ജയം

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് അനായാസ ജയം. മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻമാർ 9 വിക്കറ്റിന് വിജയിച്ചു. 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. കുശാൽ മെൻഡിസ് 43 പന്തിൽ 68* റൺസും ചരിത് അസലങ്ക 22 പന്തിൽ 31* റൺസും നേടി പുറത്താകാതെ നിന്നു. ധനഞ്ജയ ഡി സിൽവ 25 പന്തിൽ നിന്ന് 31 റൺസ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റിന് 128 റൺസ് മാത്രമാണ് നേടിയത്. 42 പന്തിൽ 45 റൺസെടുത്ത ഹാരി ടെക്‌ടറാണ് ടോപ് സ്കോറർ. ഓപ്പണർ പോൾ സ്റ്റിർലിംഗ് 25 പന്തിൽ നിന്ന് 34 റൺസ് നേടി. ജോർജ് ഡോക്രെൽ (14), ലോകൻ ടക്കർ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ.

മഹീഷ് തീക്ഷ്‌ണ, വനിന്ദു ഹസരംഗ എന്നിവർ രണ്ട് വിക്കറ്റ് വീതവും ബിനിരു ഫെർണാണ്ടോ, ലഹിരും കുമാര, ചാമിക കരുണരത്നെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.