ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ബുംറയുടെ പകരക്കാരനായി മുഹമ്മദ് സിറാജ്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തി. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരം ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കും. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഈ മത്സരത്തിൽ ബുംറ കളിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ അവസാന ടി20യിൽ കളിച്ച ശേഷം ബുംറ ഇന്ത്യൻ ടീമിനൊപ്പം തിരുവനന്തപുരത്ത് എത്തിയിരുന്നില്ല.

ബുംറയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ബുംറയ്ക്ക് ആറ് മാസം പുറത്ത് ഇരിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശീലനത്തിനിടെ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയത്. അടുത്ത മാസം 16ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം 23ന് പാകിസ്ഥാനെതിരെയാണ്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളിൽ ബുംറ കളിച്ചിരുന്നു. 

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറയും പിന്മാറുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്. ഏഷ്യാ കപ്പിലും ഓസീസിനെതിരായ ടി20 പരമ്പരയിലും ഡെത്ത് ബൗളിംഗില്‍ നിറം മങ്ങിയ ഇന്ത്യന്‍ പേസ് നിരയ്ക്ക് ബുംറയുടെ മടങ്ങിവരവ് ലോകകപ്പില്‍ ആശ്വാസകരമാകുമെന്ന് കരുതിയിരിക്കെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്.