റവന്യൂ മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയ എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ തഹസിൽദാർ

എറണാകുളം: എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാനെതിരെ വീണ്ടും തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി. റവന്യു മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ നൽകിയ പരാതി അന്വേഷിക്കാൻ മന്ത്രിയുടെ പേര് ഉപയോഗിച്ചുള്ള ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.

ഭൂമിയുടെ വിലയിൽ കൃത്രിമം കാണിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർബന്ധിച്ചെന്നും അതിന് വിസമ്മതിച്ചപ്പോൾ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കാണിച്ച് തഹസിൽദാർ വിനോദ് മുല്ലശ്ശേരി ജില്ലാ കളക്ടർക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും പരാതി നൽകിയിരുന്നു. മന്ത്രിയുടെ പേരിൽ ഡെപ്യൂട്ടി കളക്ടർ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു പരാതിയിലെ പ്രധാന ഭാഗം.

മന്ത്രിക്ക് ലഭിക്കാത്ത പരാതിയിന്മേല്‍ മന്ത്രിയുടെ പേര് ഉപയോഗിച്ചുവെനതാണ് പരാതി. മാത്രമല്ല, ഭൂവുടമയാണ് ഡെപ്യൂട്ടി കളക്ടർക്ക് പരാതി നൽകിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. തഹസിൽദാർക്കെതിരെ ഡെപ്യൂട്ടി കളക്ടർ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിനെക്കുറിച്ച് മന്ത്രി അറിഞ്ഞിരുന്നില്ല. തഹസിൽദാർ ഉന്നയിക്കുന്ന ആരോപണങ്ങളും ചെറുതല്ല.