പരസ്യചിത്രത്തില്‍ തായ്‌വാനെ സ്വതന്ത്ര രാജ്യമായി അവതരിപ്പിച്ചു ; ക്ഷമാപണവുമായി സ്‌നിക്കേഴ്‌സ്

തായ്‌പേയ് സിറ്റി: സ്നിക്കേഴ്സ് കമ്പനി ഉടമ മാർസ് റിഗ്ലി പരസ്യ ചിത്രത്തില്‍ തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതിന് ക്ഷമാപണം നടത്തി. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി വിശേഷിപ്പിച്ച സ്നിക്കേഴ്സ് ബാറിന്‍റെ പരസ്യം ചൈനയിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് റിഗ്ലിയുടെ ക്ഷമാപണം. “ചൈനയുടെ ദേശീയ പരമാധികാരത്തെ ഞങ്ങൾ ബഹുമാനിക്കുന്നു,” റിഗ്ലി പറഞ്ഞു.

ചൈനയിൽ തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യമാണെന്ന് പറയുന്നതിന് വിലക്കുള്ള സമയത്താണ് ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് ഇത്തരമൊരു പരസ്യം പ്രോത്സാഹിപ്പിച്ചത്. താമസിയാതെ, സ്നിക്കേഴ്സിന്റെ ഈ പരസ്യത്തിന്‍റെ സ്ക്രീൻഷോട്ടുകൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി.

“ഏഷ്യയിലെ ചില പ്രദേശങ്ങളിലെ സ്നിക്കേഴ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ ഞങ്ങൾ വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഈ തെറ്റിന് ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു,” സ്നിക്കേഴ്സ് ചൈനയുടെ വെയ്ബോ പേജിൽ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ റിഗ്ലി പറഞ്ഞു.