പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ താലിബാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആറു സിവിലിയൻമാർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. കനത്ത വെടിവയ്പ്പിലും പീരങ്കി ഷെല്ലാക്രമണത്തിലുമാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമൻ അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയ ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായതായി കാണ്ഡഹാറിലെ അഫ്ഗാൻ ഉദ്യോഗസ്ഥനായ നൂർ അഹമ്മദ് പറഞ്ഞു.

അഫ്ഗാൻ അതിർത്തി സൈന്യം പീരങ്കികളും മോർട്ടാറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് സിവിലിയൻമാർക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. സിവിലിയൻമാരെ ഒഴിവാക്കി പാകിസ്ഥാൻ സൈനികർ ഉചിതമായ മറുപടി നൽകിയെന്നും സൈന്യം പറഞ്ഞു. സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയാണ് താലിബാൻ കഴിഞ്ഞയാഴ്ച നടപ്പാക്കിയത്. തജ്മീർ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കി കൊന്നത്. അഞ്ച് വർഷം മുമ്പ് മറ്റൊരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് തജ്മീറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഫറാ പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ഉന്നത കോടതികൾ ശിക്ഷ ശരിവച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് താലിബാൻ വക്താവ് പറഞ്ഞു.