6 ഐഎസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് താലിബാന്‍
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ നടത്തിയ തെരച്ചിലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ കൊലപ്പെടുത്തിയതായി താലിബാൻ സുരക്ഷാ സേന. താലിബാൻ വക്താവ് ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവർ ആഴ്ചകൾക്ക് മുമ്പ് നടന്ന ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് താലിബാൻ പറയുന്നു. നിരവധി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട പഠന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിലും നഗരത്തിലെ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും പ്രധാന പങ്ക് വഹിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് താലിബാൻ വക്താവ് ക്വാരി യൂസഫ് അഹമ്മദി പറഞ്ഞു.
തെരച്ചിലിനിടെ ഒരു താലിബാൻ സൈനികനും കൊല്ലപ്പെട്ടു. വസിര്‍ അക്ബര്‍ ഖാന്‍ മോസ്കിനും കാജ് ഇന്‍സ്റ്റിറ്റ്യൂട്ടിനും നേരെയുണ്ടായ അക്രമങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് ക്വാരി യൂസഫ് അഹമ്മദി പറഞ്ഞു. ഈ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബർ 30ന് കാജ് ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയുണ്ടായ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. അവരിൽ ഭൂരിഭാഗവും വിദ്യാര്‍ത്ഥിനികളായിരുന്നു. സെപ്റ്റംബർ 23ന് പള്ളിയിലുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 40ലധികം പേർക്ക് പരിക്കേറ്റു. സെപ്റ്റംബർ 23ന് ഗ്രീൻ സോണിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്.
2021 ൽ അധികാരത്തിൽ വന്ന ശേഷം രാജ്യത്തെ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് താലിബാൻ. എന്നിരുന്നാലും, ദേശീയ തലസ്ഥാനത്ത് അടുത്തിടെ നടന്ന നിരവധി ബോംബാക്രമണങ്ങളെ യുഎൻ അപലപിക്കുകയും താലിബാന്‍റെ സേനാ വിന്യാസത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാന്‍ ആണ് താലിബാന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒളിത്താവളങ്ങളിൽ നടത്തിയ രണ്ട് റെയ്ഡുകളിൽ ആറ് നുഴഞ്ഞുകയറ്റക്കാരെയാണ് കൊലപ്പെടുത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗ്രനേഡുകൾ, റൈഫിളുകൾ, സ്ഫോടക വസ്തുക്കൾ, ഒരു കാർ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഐഎസിനെതിരെയുള്ള രണ്ടാമത്തെ ഓപ്പറേഷനാണിത്.