യുഎസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം; തകർന്ന് വീണ് 3 മരണം
കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലികോപ്റ്റർ പരിശീലനത്തിനിടെ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. യുഎസ് നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു.
സെപ്റ്റംബർ 10ന് അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലായിരുന്നു പരിശീലനം. 30 ദശലക്ഷം ഡോളറിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്താൻ താലിബാൻ അംഗം ശ്രമിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ഹെലിക്കോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയും ആയിരുന്നു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസിമി പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ സൈന്യം അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. 70 ലധികം വിമാനങ്ങളും നിരവധി യുദ്ധോപകരണങ്ങളും നശിപ്പിച്ച ശേഷമാണ് അമേരിക്ക മടങ്ങിയത്. എന്നാൽ, യുഎസ് നിർമ്മിതമായ ചില വിമാനങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു.