തമിഴ് നടി ദീപയെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: പ്രശസ്ത തമിഴ് നടി ദീപയെ (പോളിൻ ജെസീക്ക- 29) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളിനെ ഞായറാഴ്ചയാണ് ചെന്നൈ വിരുഗമ്പാക്കത്തെ മല്ലിക അവന്യൂവിലെ വാടക ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ദീപ എന്നറിയപ്പെടുന്ന പോളിൻ ജെസീക്ക അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പർഹിറ്റ് ചിത്രമായ ‘തുപ്പരിവാളൻ’ ഉൾപ്പെടെ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അയൽവാസികളാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. കോയമ്പേട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് താരത്തിന്‍റെ ബന്ധുക്കളെ വിവരം അറിയിക്കുകയും മൃതദേഹം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോകുകയും ചെയ്തു.