തമിഴ്നാട് ട്രാഫിക് നിയമം കർശനമാക്കുന്നു; നിയമ ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കി

ചെന്നൈ: തമിഴ്നാട്ടിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. വർധന 50 ശതമാനത്തിലേറെയാണ്. ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുമ്പോഴോ ലൈസൻസ് കാലാവധി കഴിഞ്ഞോ ലൈസൻസ് ഇല്ലാതെയോ വാഹനമോടിച്ചാലുള്ള പിഴ 5,000 മുതൽ 10,000 രൂപ വരെയായി ഉയർത്തി.

മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ ചുമത്തും. മദ്യലഹരിയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയാൽ ഡ്രൈവർ മാത്രമല്ല ഒപ്പം ഉള്ളവരും പിഴ അടയ്ക്കേണ്ടി വരും. ആംബുലൻസിന്‍റെയോ അഗ്നിശമന സേനയുടെ വാഹനത്തിന്‍റെയോ സഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തിൽ വാഹനമോടിച്ചാൽ 10,000 രൂപ പിഴ ഈടാക്കും.

അശ്രദ്ധമായ ഡ്രൈവിംഗ്, സാഹസികമായ ഡ്രൈവിംഗ്, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കൽ, അനാവശ്യമായി ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴ കുത്തനെ കൂട്ടി. പുതുക്കിയ പിഴ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.