മയക്കുമരുന്ന് കേസിന് ടാർഗറ്റ്; സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് പൊലീസിന്‍റെ വാട്സാപ്പ് സന്ദേശം. ഐപിഎസ് ഉദ്യോഗസ്ഥരാണ് ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്നും ജില്ലാ പോലീസ് മേധാവികളുടെ സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നുമാണ് ആരോപണം. ലഹരിമരുന്ന് കേസിൽ എണ്ണം തികയ്ക്കാൻ കള്ളക്കേസ് ഫയൽ ചെയ്യേണ്ടി വരുന്നുവെന്നും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു.

കിളികൊല്ലൂർ സംഭവത്തിന് ശേഷം സമൂഹത്തിൽ നിന്ന് വലിയ വിമർശനമാണ് പൊലീസ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്വയം വിമർശനാത്മകമായ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.

പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ പൂർണ രൂപം –

“പൊതുജനങ്ങളെ മർദ്ദിക്കുന്നതിന് പിന്നിൽ മാനസിക സമ്മർദ്ദമാണ്. ഇതിന് കാരണം ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥർ നൽകുന്ന പീഡനമാണ്. നിലവിൽ ലഹരിക്കെതിരെ ക്യാമ്പയിൻ നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ എസ്.എച്ച്.ഒമാർ അടക്കമുള്ളവർക്ക് മേൽ വൻ സമ്മർദ്ദമാണുള്ളത്. ജില്ലാ പോലീസ് മേധാവിമാർ രണ്ട് എൻ.ഡി.പി.എസ്. കേസെങ്കിലും രജിസ്റ്റർ ചെയ്യണം എന്നാണ് നിർദ്ദേശം. ഇതുകൂടാതെ മറ്റു കേസുകളും രജിസ്റ്റർ ചെയ്യണം. ഇതിന്റെ സമ്മർദ്ദം താങ്ങാൻ സാധിക്കുന്നില്ല. പലപ്പോഴും എണ്ണം തികയ്ക്കാൻ കള്ളക്കേസെടുക്കേണ്ടി വരുന്നു. സിഗരറ്റ് വലിച്ചവരെ പിടിച്ച് കഞ്ചാവ് വലിച്ചു എന്നുള്ള കേസ് രജിസ്റ്റർ ചെയ്ത് കേസിന്റെ എണ്ണം തികച്ച് ജാമ്യത്തിൽ വിടേണ്ട സാഹചര്യമാണ് നിലവിൽ.

എസ്.പിമാരുടേയും ഐ.പി.എസ്. ഉദ്യോഗസ്ഥരുടേയും ഇടയിൽ ആരാണ് കേമൻ എന്നുള്ള കിടമത്സരമാണ്. അതിന് വേണ്ടി കൂടുതൽ കേസുകൾ തങ്ങളുടെ പരിധിക്കുള്ളിൽ ഉണ്ടാക്കാൻ എസ്.എച്ച്.ഒമാർക്കും ഡി.വൈ.എസ്.പിമാർക്കും മുകളിൽ സമ്മർദ്ദമുണ്ട്. അത് സഹിക്കാതെ വരുമ്പോൾ മറ്റൊരു രീതിയിൽ ജനങ്ങളുടെ മേൽ കുതിര കയറേണ്ട അവസ്ഥയിലേക്ക് തങ്ങളെ എത്തിക്കുന്നു. ദിവസവും ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ തന്നെ എസ്.എച്ച്.ഒമാർക്ക് വിമുഖതയാണ്. തലേ ദിവസം എത്ര കേസെടുത്തു? ഇന്ന് എത്ര കേസെടുക്കാൻ ഉദ്ദേശിക്കുന്നു എന്നുള്ള ചോദ്യമാണ് യോഗത്തിൽ. ലീവ് ചോദിക്കുമ്പോൾ എത്ര എൻ.ഡി.പി.എസ്. കേസെടുത്തു എന്നാണ് എസ്.പി. ചോദിക്കുക.”