യുഎസ് വീഡിയോ പ്രൊഡക്ഷന്‍ കമ്പനി ഏറ്റെടുത്ത് ടാറ്റ

യുഎസ്: യുഎസ് ആസ്ഥാനമായുള്ള വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ സ്വിച്ച് എന്‍റർപ്രൈസസിനെ ടാറ്റ കമ്മ്യൂണിക്കേഷൻസ് ഏറ്റെടുക്കുന്നു. നെതർലാൻഡ്സിലെ ടാറ്റ കമ്മ്യൂണിക്കേഷന്‍റെ ഉപകമ്പനി വഴിയാണ് അമേരിക്കയിൽ നിക്ഷേപം നടത്തുന്നത്. 486.3 കോടി രൂപയുടേതാണ് ഇടപാട്.

യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിൽ സ്വിച്ചിനുള്ള ആസ്തികളും ടാറ്റയ്ക്ക് ലഭിക്കും. തത്സമയ വീഡിയോ നിർമ്മാണത്തിലൂടെ അമേരിക്കൻ മാധ്യമ വിനോദ മേഖലയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. സ്ഥാപനങ്ങള്‍ക്ക് എൻഡ്-ടു-എൻഡ് തത്സമയ വീഡിയോ പ്രൊഡക്ഷൻ, ട്രാൻസ്മിഷൻ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് സ്വിച്ച്. ടാറ്റയിലൂടെ കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് സാധിക്കും.

നിലവിൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ് ആഗോളതലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾക്കും സ്പോർട്സ് ഓർഗനൈസേഷനുകൾക്കും സേവനങ്ങൾ നൽകുന്നു. സ്വിച്ച് വഴി തത്സമയ വീഡിയോ നിർമ്മാണത്തിലേക്ക് നീങ്ങുന്നതിനൊപ്പം ഭൂരിഭാഗം സേവനങ്ങളും നൽകുന്ന മീഡിയ ഇക്കോസിസ്റ്റമായി ടാറ്റ കമ്പനി മാറും. 1990 ലാണ് സ്വിച്ച് പ്രവർത്തനം ആരംഭിച്ചത്. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 674.8 കോടി രൂപയായിരുന്നു.