ബെംഗളൂരു നഗരത്തില്‍ ഓടാന്‍ ഇനി ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍
ബാംഗ്ലൂർ: ബെംഗളൂരുവിൽ ലോ-ഫ്ലോർ ഇലക്ട്രിക് ബസുകൾ ഇറക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്‍റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 921 ലോ ഫ്ളോർ ഇലക്ട്രിക് ബസുകൾ നഗരത്തിൽ സർവീസ് നടത്താൻ തങ്ങളുടെ സബ്സിഡിയറിയുമായി കരാർ ഒപ്പിട്ടതായി ടാറ്റ മോട്ടോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
കരാറിന്‍റെ ഭാഗമായി, തങ്ങളുടെ അനുബന്ധ സ്ഥാപനമായ ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് 12 വർഷത്തേക്ക് 921 യൂണിറ്റ് ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
സുസ്ഥിരവും സുഖകരവുമായ യാത്രകൾക്കായി മികച്ച രൂപകൽപ്പനയും മികച്ച ഇൻ-ക്ലാസ് സവിശേഷതകളുമുള്ള തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 12 മീറ്റർ നീളമുള്ള വാഹനമാണ് ടാറ്റ സ്റ്റാർബസ് ഇലക്ട്രിക്. ടാറ്റ മോട്ടോഴ്സ് ഇതുവരെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 730 തിലധികം ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തിട്ടുണ്ട്.