നികുതിവെട്ടിപ്പ് കേസ്; എ.ആര്‍. റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണര്‍

ചെന്നൈ: സേവന നികുതിവെട്ടിപ്പു കേസിൽ സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണർ. റഹ്മാനെ അപമാനിക്കാൻ കെട്ടിച്ചമച്ച കേസല്ല ഇതെന്നും ജി.എസ്.ടി. കമ്മീഷണർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

പലിശ ഉൾപ്പെടെ 6.79 കോടി രൂപ സേവന നികുതിയായി നൽകണമെന്ന് കാണിച്ച് നോട്ടീസ് എ.ആര്‍ റഹ്മാന് നല്‍കിയിരുന്നു. ഇതിനെതിരെയാണ് റഹ്മാൻ ഹർജി നൽകിയത്. എതിർ സത്യവാങ്മൂലത്തിലാണ് ജിഎസ്ടി കമ്മീഷണർ നടപടിയെക്കുറിച്ച് വിശദീകരിച്ചത്.

സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാർ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിക്കുന്നതിനായി നിരവധി സേവനങ്ങൾ വേർതിരിച്ചാണ് റഹ്മാൻ നിർമ്മാണ കമ്പനികളിൽ നിന്ന് പ്രതിഫലം വാങ്ങിയത്. ഇത് നിയമപരമായി ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.