സൗദി നിയോം നഗരത്തിൽ ഇനി പറക്കും ടാക്സികളും

റിയാദ്: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ സ്വപ്ന നഗരമായ ‘നിയോം’ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദ്മി അൽ നാസർ. ഈജിപ്തിലെ ശറമുശൈഖിൽ ഗ്രീൻ സൗദി സംരംഭകത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഫ്ലൈയിംഗ് ടാക്സി സംവിധാനം ഗതാഗതത്തിനായി അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ശുദ്ധമായ പാചക ഇന്ധനവും ഹരിത ഹൈഡ്രജനും ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ കേന്ദ്രം നിയോമിൽ യാഥാർത്ഥ്യമാകും. വായു മലിനീകരണമില്ലാത്ത വിധത്തിൽ സാങ്കേതികവിദ്യയുടെ കൈമാറ്റം ത്വരിതപ്പെടുത്താൻ നിയോമിൽ ഒരു വ്യാവസായിക നഗരമുണ്ടെന്നും അൽ-നാസർ സ്ഥിരീകരിച്ചു.

നിയോമിലെ അത്യാധുനിക ഭവന പദ്ധതിയായ ‘ദി ലൈൻ’ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. ലൈനിലെ ജനസംഖ്യാ ശേഷി ന്യൂയോർക്കിലെയും ലണ്ടനിലെയും ജനസാന്ദ്രതയ്ക്ക് തുല്യമാണെന്നും അദ്ദേഹം അറിയിച്ചു.