2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ച് ടിസിഎസ്

2022-23 സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രസിദ്ധീകരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 10465 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 9653 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അറ്റാദായത്തിൽ 8.41 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ മൊത്തം വരുമാനം 18.01 ശതമാനം ഉയർന്ന് 55309 കോടി രൂപയായി. മുൻ പാദത്തേക്കാൾ 4.83 ശതമാനം വരുമാന വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, കമ്പനിയുടെ ഓപ്പറേറ്റിംഗ് മാർജിൻ 1.6 ശതമാനം ഇടിഞ്ഞ് 24 ശതമാനമായി. 8.1 ബില്യൺ ഡോളർ വിലമതിക്കുന്ന ഓർഡർ ബുക്കാണ് കമ്പനിയുടെ പക്കലുള്ളത്.

ഓഹരി ഒന്നിന് 8 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. നവംബർ ഏഴിന് ലാഭവിഹിതം വിതരണം ചെയ്യും. ഇന്ത്യയിലെ ടിസിഎസിന്‍റെ ബിസിനസ് 16.7 ശതമാനം വളർച്ച കൈവരിച്ചു. നോര്‍ത്ത് അമേരിക്ക- 17.6 ശതമാനം, യുകെ- 14.8 ശതമാനം, യൂറോപ്- 14.1 ശതമാനം, ലാറ്റിന്‍ അമേരിക്ക- 19 ശതമാനം, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക – 8.2 ശതമാനം, ഏഷ്യ-പസഫിക്- 7 ശതമാനം.