കോപ്പിയടിച്ചെന്ന് പറഞ്ഞ് വസ്ത്രമഴിപ്പിച്ച് അധ്യാപിക; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂ ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാണ് അധ്യാപികയുടെ ആരോപണം.

പേപ്പർ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേർന്നുള്ള മറ്റൊരുമുറിയിൽ വച്ച് അധ്യാപിക വിദ്യാർത്ഥിനിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഖരഗ്പൂർ ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 23 കാരനായ ഫൈസാൻ അഹമ്മദിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അസമിലെ ടിന്‍സൂക്കിയ സ്വദേശിയാണ് ഫൈസാൻ. അടുത്തിടെയാണ് ഫൈസാൻ ഹോസ്റ്റലിലേക്ക് മാറിയതെന്ന് ഖരഗ്പൂർ ഐഐടി അധികൃതർ പറഞ്ഞു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഫൈസാൻ.