ഫീസ് നൽകാത്തതിന് അധ്യാപകന്റെ മർദ്ദനം; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശ്: അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാറയ്ചിൽ ഫീസ് അടയ്ക്കാത്തതിന് 13 വയസുകാരനെ അധ്യാപകൻ മർദ്ദിച്ചിരുന്നു. ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ അനുപം പഥക് അറസ്റ്റിലായി.
സംഭവത്തിൽ കുട്ടിയുടെ പരിക്കുകൾ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രതിമാസം 250 രൂപ സ്കൂൾ ഫീസായി നൽകാത്തതിന്റെ പേരിൽ അധ്യാപകൻ സഹോദരനെ മർദ്ദിച്ചെന്നും അത് ഓൺലൈനിൽ അടച്ചിരുന്നുവെന്നും എന്നാൽ അധ്യാപകൻ ഇക്കാര്യം മനസിലാക്കാതെ സഹോദരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും സഹോദരൻ രാജേഷ് പറഞ്ഞു.
അതേസമയം, രാജസ്ഥാനിലെ ജെലൂരിൽ അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലാണ് സംഭവം. സരസ്വതി വിദ്യാമന്ദിറിൽ പഠിക്കുന്ന ഇന്ദ്ര മേഘ്‌വാള്‍ എന്ന ഒമ്പത് വയസുകാരനാണ് മരിച്ചത്. ഉയർന്ന ജാതിക്കാരായ അധ്യാപകർക്കായി സംവരണം ചെയ്ത വെള്ളം കുടിച്ചതിനായിരുന്നു ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.