കിരീട നേട്ടത്തിന് ശേഷം മെസിയെ കെട്ടിപ്പിടിച്ചത് ടീം ഷെഫ് 

ദോഹ: ഖത്തറിലെ അർജന്‍റീനയുടെ ലോകകപ്പ് വിജയത്തിന്‍റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഫ്രാൻസിനെതിരായ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന മത്സരത്തിലെ വിജയത്തിന് ശേഷം മൈതാനത്ത് മനോഹരമായ ഒട്ടേറെ നിമിഷങ്ങളുണ്ടായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും നിരവധി ആരാധകർ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവ വഴി പങ്കുവയ്ക്കുന്നുണ്ട്.

ഇത്തരത്തിലൊരു വീഡിയോയുടെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മത്സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് ഓടിവന്ന ഒരു സ്ത്രീയെ ആലിംഗനം ചെയ്യുന്ന മെസിയെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിലുള്ളത് മെസിയുടെ അമ്മ മരിയയാണെന്ന് പറഞ്ഞ് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്. ചില മാധ്യമങ്ങളും സമാനമായ വാർത്തകളും വീഡിയോകളും പ്രസിദ്ധീകരിച്ചു.

എന്നാൽ വാസ്തവത്തിൽ, അർജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഷെഫായ അന്‍റോണിയോ ഫരിയാസ് ആണ് ആ സ്ത്രീ. മത്സരം കഴിഞ്ഞയുടനെ ഫരിയാസ് ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയും പിന്നിൽ നിന്ന് മെസിയെ വിളിക്കുകയും ചെയ്തു. മെസി തിരിഞ്ഞ് ഫരിയാസിനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. ആ സമയത്ത് ഫരിയാസിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം.