ഉച്ചഭക്ഷണം ബഹിഷ്കരിച്ചതിന് പിന്നാലെ സിഡ്നിയിലെ പരിശീലനവും റദ്ദാക്കി ടീം ഇന്ത്യ
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നാളെ നെതർലൻഡ്സിനെ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം, സിഡ്നിയിൽ ലഭിക്കുന്ന തണുത്ത സ്വീകരണത്തിൽ അസംതൃപ്തി അറിയിച്ചു. ഇന്നലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണം മോശമായതിനാൽ ഉച്ചഭക്ഷണം ബഹിഷ്കരിച്ച ടീം അംഗങ്ങൾ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വളരെ ദൂരെയുള്ള താമസസൗകര്യത്തെക്കുറിച്ചുള്ള അസംതൃപ്തി കാരണം ഇന്ന് നടത്താനിരുന്ന പരിശീലനവും റദ്ദാക്കി.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ഇന്ത്യൻ ടീമിനെ പാർപ്പിച്ചിരുന്നത്. പരിശീലനം ഉപേക്ഷിച്ചത് ദൂര പ്രശ്നം മൂലമാണോ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സിഡ്നിയിലെ സൗകര്യങ്ങളിൽ ഇന്ത്യൻ ടീം അസന്തുഷ്ടരാണെന്ന് റിപ്പോർട്ടുണ്ട്.
ഇന്നലെ ടീം അംഗങ്ങൾക്ക് നിർബന്ധിത പരിശീലനം ഇല്ലായിരുന്നില്ലെങ്കിലും വിരാട് കോഹ്ലിയും ആർ അശ്വിനും ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ പരിശീലനത്തിനിറങ്ങിയിരുന്നു. പരിശീലനത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് തണുത്ത ഭക്ഷണം നൽകിയെന്നും മതിയായ ഭക്ഷണം നൽകുന്നില്ലെന്നും ടീം മാനേജ്മെന്‍റ് ഐസിസിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് താമസസൗകര്യത്തിലെ അതൃപ്തി ടീം വ്യക്തമാക്കിയത്.