‘മൂൺലൈറ്റിങിനെ’ പിന്തുണച്ച് ടെക് മഹീന്ദ്ര

‘മൂൺലൈറ്റിങ്’ അഥവാ ഇരട്ട ജോലി ചെയ്‌തെന്ന് ആരോപിച്ച് വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടത് വാർത്തകളിൽ ഏറെ ഇടംപിടിച്ച സംഭവം ആയിരുന്നു. എന്നാൽ ഒരു കമ്പനിയിൽ ജോലി ചെയ്‌തു കൊണ്ടുതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയുന്ന മൂൺലൈറ്റിങ് രീതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടെക് മഹീന്ദ്ര സിഇഒ സി.പി ഗുർനാനി.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങി നിരവധി ടെക് കമ്പനികൾ മൂൺലൈറ്റിങിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ, ഒരു ടെക് കമ്പനി ഇതാദ്യമായാണ് മൂൺലൈറ്റിങിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ഒരു സ്ഥാപനത്തിൽ നിന്നുകൊണ്ട് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത് പിന്തുണയ്ക്കുന്നു എന്നാണ് ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനി പറഞ്ഞത്.

ഇത്തരത്തിൽ മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർ അക്കാര്യം മറച്ച് വെക്കരുതെന്നും ടെക് മഹീന്ദ്ര സിഇഒ പറഞ്ഞു. ടെക്ക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണെന്നും അതുകൊണ്ട് തന്നെ ജീവനക്കാർ ഇവിടെ നിന്നുകൊണ്ട് മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നത് ഒരിക്കലും കമ്പനിയ്ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.