കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനമുയര്‍ത്തി ടെക്നോ പാര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനം ഉയർത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,274 കോടി രൂപയുടെ വളർച്ചയാണ് ടെക്നോപാർക്ക് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക് 9,775 കോടി രൂപയുടെ കയറ്റുമതി വരുമാനം നേടി. മുൻ വർഷത്തേക്കാൾ 15 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിൻ്റെയും ക്രിസിലിൻ്റെയും (ക്രഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസില്‍ എ പ്ലസ് ഗ്രേഡും 2021-22 സാമ്പത്തിക വര്‍ഷം ടെക്‌നോപാര്‍ക്ക് നേടിയെടുത്തു.

10.6 ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 470 കമ്പനികളിലായി 70,000 ജീവനക്കാരാണ് നിലവിൽ ടെക്നോപാർക്കിലുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആകെ 78 കമ്പനികള്‍ 2,68,301 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം മാത്രം (2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ) 1,91,703 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 37 കമ്പനികള്‍ക്കാണ് ടെക്‌നോപാര്‍ക്ക് സ്ഥലം അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 460 കമ്പനികളിൽ നിന്നായി 8,501 കോടിയായിരുന്നു ടെക്‌നോപാര്‍ക്കിൻ്റെ കയറ്റുമതി വരുമാനം.

കേരളത്തിന്‍റെ ഐ.ടി കയറ്റുമതിയിൽ ടെക്നോപാർക്കിന്‍റെ പങ്ക് വളരെ വലുതാണെന്നും ഓരോ സാമ്പത്തിക വർഷവും വളർച്ചയിലേക്ക് കുതിക്കുകയാണെന്നും കേരള ഐടി പാർക്ക്സ് സിഇഒ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് പറഞ്ഞു. പുതിയ സ്റ്റാർട്ടപ്പുകളും പുതിയ നിർമ്മാണ പ്രവർത്തനങ്ങളും ടെക്നോപാർക്കിന്‍റെ വികസനത്തിന് ഉത്തേജനം നൽകുന്നു. സർക്കാരിൻ്റെ പിന്തുണയോടെയുള്ള വികസന പ്രവർത്തനങ്ങളും ടെക്നോപാർക്കിന്‍റെ മികച്ച സേവന നിലവാരവും പുരോഗതിക്ക് സംഭാവന നൽകുന്നുണ്ട്. പുതിയ കമ്പനികളെയും നിക്ഷേപങ്ങളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി ടെക്നോപാർക്ക് പുതിയ അവസരങ്ങളും ഉൽപ്പന്ന സേവനങ്ങളും വൈവിധ്യവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.