പല്ല് ഉന്തിയത്; ആദിവാസി യുവാവിന് പി.എസ്.സി നിയമനം നിഷേധിച്ചതായി പരാതി

പാലക്കാട്: പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചെന്ന് പരാതി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മുത്തുവിന് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ജോലിയാണ് നഷ്ടമായത്. പല്ല് ഉന്തിയതാണെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് തനിക്ക് ജോലി നിഷേധിച്ചതെന്ന് മുത്തു പറഞ്ഞു. സർക്കാർ ജോലി ലഭിക്കുക എന്ന മുത്തുവിന്‍റെ ചിരകാല സ്വപ്നമാണ് ഇതോടെ നഷ്ടമായത്.

പി.എസ്.സി.യുടെ സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പ്രകാരമാണ് മുത്തു വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. നവംബർ മൂന്നിന് നടന്ന എഴുത്ത് പരീക്ഷയും തുടർന്ന് നടന്ന ശാരീരിക ക്ഷമതാ പരീക്ഷയും പാസായിരുന്നു. എന്നാൽ, ഇന്‍റർവ്യൂവിനുള്ള അറിയിപ്പ് ലഭിച്ചില്ല. പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് മെഡിക്കൽ സർട്ടിഫിക്കറ്റിൽ പല്ലിനെപ്പറ്റി പരാമർശിച്ചതിനാൽ ജോലി നഷ്ടപ്പെട്ടതായി അറിഞ്ഞത്.

ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്‍റെ പല്ലുകൾക്ക് തകരാർ സംഭവിച്ചത്. പല്ല് ശരിയാക്കാൻ ഏകദേശം 18,000 രൂപ ചെലവാകുമെന്നും പണമില്ലാത്തതിനാൽ നേരെയാക്കാൻ കഴിഞ്ഞില്ലെന്നും മുത്തു പറഞ്ഞു.