മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്
പട്‌ന: മഹാസഖ്യം മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആർജെഡി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. ആറ് നിർദ്ദേശങ്ങളാണ് മന്ത്രിമാർക്ക് മുന്നിൽ സമർപ്പിച്ചത്. ആർജെഡിക്ക് 16 മന്ത്രിമാരാണുള്ളത്. മന്ത്രിമാരാരും പുതിയ വാഹനങ്ങൾ വാങ്ങരുതെന്നാണ് ആദ്യ നിർദ്ദേശം. തങ്ങളെക്കാള്‍ പ്രായമുള്ള മനുഷ്യരെക്കൊണ്ട് കാല്‍ വണങ്ങാന്‍ അനുവദിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം.
സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും അങ്ങേയറ്റം ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറണം. ദരിദ്രരെയും അഗതികളെയും സഹായിക്കാൻ മന്ത്രിമാർ എപ്പോഴും സന്നദ്ധരായിരിക്കണം. അത്തരം സഹായം ചെയ്യുമ്പോൾ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല. തന്‍റെ നിർദ്ദേശങ്ങളോട് എല്ലാ മന്ത്രിമാരും സഹകരിക്കണമെന്നും തേജസ്വി ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.
പൂക്കളും പൂച്ചെണ്ടുകളും സമ്മാനിക്കുന്നതിനുപകരം പുസ്തകങ്ങളോ പേനകളോ സമ്മാനമായി നൽകണം. മന്ത്രിമാർ സത്യസന്ധരായിരിക്കണം. തങ്ങളുടെ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും സുതാര്യത ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കീഴിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും മന്ത്രിമാരുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കണമെന്നും തേജസ്വി യാദവ് നിർദ്ദേശിച്ചു.