‘കേന്ദ്ര സർക്കാർ നൽകുന്ന റേഷൻ തെലങ്കാന സർക്കാർ വിതരണം ചെയ്യുന്നില്ല’
തെലങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകിയ അഞ്ച് കിലോ റേഷൻ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദരിദ്രരുടെ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാർ സമ്പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം തെലങ്കാന സർക്കാരിന് കത്തയക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും ടിആർഎസ് സർക്കാർ റേഷൻ വിതരണം ചെയ്യാൻ തയ്യാറായില്ല. ഇക്കാരണത്താൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അരി സംഭരണം നിർത്തിവെച്ചിരുന്നു. സർക്കാരിന്റെ ക്രൂരകൃത്യമാണ് നിസ്സംഗമായ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ ദരിദ്രരെ സംരക്ഷിക്കുകയാണ്. പദ്ധതികൾ സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥതയോടെ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജൂണിൽ ധാന്യവിതരണം നടത്തിയെന്നും ജൂലൈയിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ അവർക്ക് തന്നെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.